മലപ്പുറം: മലപ്പുറം സിവിൽ സ്റ്റേഷനിൽ എത്തുന്നവരിൽ പപ്പേട്ടനെ പരിചയമില്ലാത്തവർ വിരളമായിരിക്കും. നൂറുക്കണക്കിന് ആളുകൾ ദിവസവും ഭക്ഷണം കഴിക്കാനെത്തുന്ന സിവിൽ സ്റ്റേഷൻ കാന്റീനിൽ അധികം സംസാരിക്കാതെ, ഒരു നിമിഷം പോലും പാഴാക്കാതെ സദാ ജോലിയിൽ മുഴുകിയിരിക്കുന്ന പപ്പേട്ടൻ 78-ാം വയസിലും കർമനിരതനാണ്.
പ്രായത്തിന്റെ തളർച്ചയെ വകവയ്ക്കാതെ ചുറുചുറുക്കോടെ ജോലി ചെയ്യുന്ന പപ്പേട്ടനെ അന്താരാഷ്ട്ര വയോജന ദിനാചരണത്തിന്റെ ഭാഗമായി മലപ്പുറം സാമൂഹ്യനീതി ഓഫിസും നഗരസഭയും സംയുക്തമായി സംഘടിപ്പിച്ച ചടങ്ങിൽ ആദരിച്ചു. ജീവിതത്തിൽ ആദ്യമായാണ് പപ്പേട്ടന് ജില്ലയുടെ ഒൗദ്യോഗിക ആദരം ലഭിക്കുന്നത്.
കോഡൂർ പഞ്ചായത്തിലെ മുണ്ടക്കോട് സ്വദേശിയായ പപ്പേട്ടന്റെ വിദ്യാഭ്യാസം അഞ്ചാം ക്ലാസ് വരെ മാത്രമാണ്. ചെറുപ്പത്തിൽ തന്നെ കുടുംബത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത അദ്ദേഹം ജീവിതമാർഗമായി ജോലിയെ തെരഞ്ഞെടുത്തു. വിവിധ ഹോട്ടലുകളിലും കാന്റീനുകളിലും ജോലി ചെയ്ത പപ്പേട്ടൻ ദീർഘകാലം എംബി ആശുപത്രിയിലെ കാന്റീൻ ജീവനക്കാരനായിരുന്നു. കഴിഞ്ഞ മൂന്ന് വർഷമായി മലപ്പുറം സിവിൽ സ്റ്റേഷൻ കാന്റീനിലാണ് ജോലി ചെയ്യുന്നത്.
ഭാര്യ സുഹാസിനി ആശാ വർക്കറാണ്. രണ്ട് മക്കൾ. ഒരാൾ കോട്ടപ്പടി ബ്ലോക്ക് ആശുപത്രിയിലും രണ്ടാമത്തെയാൾ തിരൂർ ആശുപത്രിയിലും ജോലി ചെയ്യുന്നു.
ആരെയും ആശ്രയിക്കാതെ, സ്വന്തം അധ്വാനത്തിലൂടെ ജീവിതം മുന്നോട്ടുകൊണ്ടുപോകണം. കഴിയുന്നിടത്തോളം ജോലി ചെയ്യണം. ഇതാണ് പപ്പേട്ടന്റെ നിലപാട്. ജോലി അദ്ദേഹത്തിന് ഉപജീവനമാർഗം മാത്രമല്ല, ആത്മനിർവൃതിയുടെ ഭാഗം കൂടിയാണ്. വയോജന ദിനത്തിൽ ലഭിച്ച ആദരം പപ്പേട്ടനുള്ള അംഗീകാരമായി മാറി.